ശ്രീ കെ.വി മോഹൻകുമാർ ഐ എസിന്റയും ഡോ കുട്ടികൃഷ്ണന്റേയും കൂടെ പ്രഥമാധ്യാപികയും അധ്യാപകരും കുട്ടിപ്രതിഭകളും |
“വേണമെങ്കിൽ നേരം വേരിലും കായ്ക്കും”
- കെ.വി മോഹൻകുമാർ ഐ.എ.എസ്
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ പതിനാലാം തീയ്യതി ശ്രീകാര്യം സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.വി മോഹൻകുമാർ ഐ.എ.എസിന്റെ വീട് സന്ദർശിച്ചു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം സരളമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. തൊഴിലും സാഹിത്യവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് “വേണമെങ്കിൽ നേരം വേരിലും കായ്ക്കും” എന്നതാണ്. അതായത് ഒരു ലക്ഷ്യം മനസ്സിലുണ്ടായാൽ അത് നേടാൻ സമയം തടസ്സമാകുന്നില്ല എന്ന കാര്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്തത് . എഴുത്ത് താങ്കളിലുണ്ടാക്കിയ മാറ്റമെന്താണ് എന്ന ചോദ്യമുന്നയിച്ചപ്പോൾ ഓർമ്മവച്ച കാലം മുതൽ എഴുത്ത് കൂടെയുണ്ടെന്നും അതാണ് അദ്ദേഹത്തെ ഇന്നത്തെ പ്രശസ്തിയിലെത്തിച്ചതെന്നും മറുപടി നൽകി. ജീവിതത്തിൽ യോഗയുടെ പ്രാഥാന്യത്തെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സംവാദത്തിന് ശേഷം കുട്ടികളെ വായനാമുറിയിലേക്ക് ക്ഷണിക്കുകയും കൈയൊപ്പ് ചാർത്തിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കും കുട്ടികൾക്കും സമ്മാനമായി നൽകുകയും ചെയ്തു. വീട്ടുവളപ്പിലെ ജൈവോദ്യാനം അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തിയത് നവ്യാനുഭമായിരുന്നു. സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടിയിൽ പദ്ധതി ഡയറക്ടർ ഡോ.കുട്ടികൃഷ്ണൻ, പ്രഥമാധ്യാപിക റോസ് കാതറിൻ , പിറ്റിഎ പ്രസിഡന്റ് സുരേഷ്കുമാർ എസ് എ മറ്റു അധ്യാപകരും വിദ്യാർത്ഥി പ്രതിഭകളും പങ്കെടുത്തു.
No comments:
Post a Comment